ശ്യാമ വരുന്നത് വരെ
രാജീവ് ഉറക്കം വിട്ട് എഴുന്നേറ്റു. കിടക്കയിൽ ശ്യാമയില്ല… രാവിലെ എന്താണ് സംഭവിച്ചത്?
അയാൾക്ക് തല വേദനിക്കുന്നത് പോലെ തോന്നി. അയാൾ ജനല്തുറന്നു. സന്ധ്യയായി. ഇരുട്ട് വീണിരിക്കുന്നു..
അയാൾമുറിയിലെ ലൈറ്റിട്ടു. ചുളിഞ്ഞു താറുമാറായി കിടക്കുന്ന കട്ടിൽ.
“ശ്യാമേ?” അയാൾ ഉറക്കെ വിളിച്ചു. പണ്ടാരമടങ്ങാൻ. അവളെ അവിടെ എങ്ങും കാണുന്നില്ല.
അടുക്കളയിൽ പാത്രങ്ങൾ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നു. കഴുകാത്ത പാത്രത്തിന്റെ ദുർഗന്ധം.
അയാൾ കുളിമുറിയിൽ കയറി. അയയിൽ അവളുടെ ഒരു സാരി കിടക്കുന്നു. അയാൾ ദേഷ്യത്തിൽ അത്ചുരുട്ടിക്കുട്ടി പുറത്തേക്ക് എറിഞ്ഞു.
‘വെള്ളം തലയിൽ വീണപ്പോൾ ഒരു ആശ്വാസം തോന്നി. രാവിലെ സംഭവിച്ചത് ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു. അപ്പോൾ വീണ്ടും തലവേദനയെടുക്കാൻ തുടങ്ങി.
പുലർച്ചെവരെ ഓട്ടം ഉണ്ടായിരുന്നു.
ലാസ്റ്റ് ഓട്ടം കഴിഞ്ഞപ്പോൾ നല്ല ക്ഷീണം തോന്നി. റെയിൽവേസ്റേറഷനിൽ രാത്രി ഓട്ടോ ഓടിക്കുന്നവരിൽ രാജീവിന്റെ ഏറവും അടുത്ത സുഹൃത്ത് കണ്ണനാണ്.
അവൻ ഓട്ടോയിൽ കിടന്ന്ഉറങ്ങുന്നുണ്ടായിരുന്നു.
“ടാ കൈവിറക്കുന്നു. ഒരെണ്ണംവിട്ടാലോ?”
“”ഞാനില്ല. ഞാനാ നിന്നെ കുടിപ്പിക്കുന്നത് എന്ന് പറഞ്ഞു നിന്റെ പെണ്ണുമ്പിള കഴിഞ്ഞദിവസവും എന്റെ നേര്‍ക്ക് വന്നു.”
“ശ്യാമയോ?”
“അല്ലാതെ വേറെ കെട്ടിയോൾ നിനക്കുണ്ടോ?”
“ടാ അതു സാരമില്ല .വാ നമുക്ക് ഒരെണ്ണം വിടാം. വീട്ടിൽപോകുന്നതിനു മുന്പ്”
രണ്ട് ഓട്ടോകളും പുലർകാലത്തെ നേർത്ത ഇരുട്ടിൽ റെയിൽവേകോളനിയിലേക്ക് പാഞ്ഞു.
അവിടെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു കാർട്ടേഴ്സിൽ രണ്ടുപേരും മദ്യപിച്ചു.
ഓട്ടോയുമായിരാജീവ് വീട്ടിലേക്ക് തിരിച്ചു. വരുന്ന വഴി അയാളുടെ കൈയിൽ നിന്നും വണ്ടി നിയന്ത്രണം തെറ്റി ഒരു മതിലിൽ ഇടിച്ചു.
വണ്ടിയുടെ ലൈറ്റും കണ്ണാടിയും ചിതറി. അയാളുടെ തല എവിടെയോ മുട്ടി .
കുറെ നേരം അയാൾ മരവിച്ചു വണ്ടിയില്‍ ഇരുന്നു .പിന്നെ എങ്ങനെയോ വണ്ടി എടുത്തു വീട്ടില്‍ വന്നു.
ശ്യാമ മുറ്റം തൂത്തു കൊണ്ട് വീടിനു മുന്നിൽ തന്നെ ഉണ്ടായിരുന്നു. തകർന്ന വണ്ടി കണ്ടയുടൻ അവള്‍ ഓടി അടുത്ത് വന്നു. ആടിയാടി രാജീവ് പുറത്തു വന്നതും അവള്‍ക്ക് കാര്യം മനസ്സിലായി.
“ഈ വണ്ടിയും നശിപ്പിച്ചോ ?ഇത് ഇപ്പോ എത്രാമത്തെ പ്രാവശ്യമാ രാജീവേട്ടാ. അച്ഛനോട് ഞാൻ ഇനിയെന്ത് പറയും.”
“ഓ നിന്റെ തന്ത വാങ്ങിച്ചു തന്ന വണ്ടിയാണല്ലോയിത്. ഞാൻ അതങ്ങ് മറന്നു.”
അയാൾ ഷർട്ട് ഊരി എറിഞ്ഞ് അകത്തേക്ക് നടന്നു.
“എനിക്ക് മടുത്തു ഈ ജീവിതം. സ്വന്തമായി വീടില്ല. ഈ വാടകവീട്ടിൽ എത്രനാളാ ഇങ്ങനെ.
ഇങ്ങനെ കുടിച്ചു മരിക്കല്ലെ രാജീവേട്ടാ. എന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട്. ഓർമ്മവേണം.”
“നിനക്ക് മടുത്തെങ്കിൽ നീ നിന്റെ വീട്ടിൽ പോടീ. ഒരു കാര്യം പറഞ്ഞേക്കാം. എന്നെ ഗുണദോഷിക്കുന്നത് പോലെ സ്റ്റാൻഡിലെ എന്റെ കൂട്ടുകാരെ ഉപദേശിക്കാൻ ചെല്ലരുത്.”
“അവരൊന്നും നിങ്ങടെയത്ര നശിച്ചിട്ടില്ല.”
“പ്ഭാ, എന്നാ നീ അവന്റെ ഒക്കെ കൂടി പോയി പൊറുക്കെടീ.”
അതു പറഞ്ഞ് ദേഷ്യംകൊണ്ട് കണ്ണു കാണാതായ അയാൾ കൈയിൽ കിട്ടിയ കുപ്പി എടുത്ത് അവളുടെ നേരെ എറിഞ്ഞു.. അവൾക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല.
ചോ ര പൂക്കുല പോലെ ചീറ്റുന്നത് കണ്ടു. അയാൾക്ക് ഒന്നും തോന്നിയില്ല. നേരെ മുറിയിൽ കയറി കട്ടിലിൽ കിടന്നു. പിന്നെ ഇപ്പോഴാണ് എഴുന്നേറ്റത്.
അയാൾ കുളിച്ചതിന് ശേഷം ഇറങ്ങിവന്നു. അപ്പോൾ മുൻവശത്ത് നിലവിളക്ക് എരിയുന്നത് കണ്ടു. ശ്യാമ വന്നുവോ?
അയാൾ ഉറക്കെവിളിച്ചു. ശ്യാമേ.. ഇല്ല മറുപടിയില്ല.
മുറികളിൽ ആരുമില്ല. അപ്പോള്‍ ആരാണ് വിളക്ക് തെളിച്ചത് ?
അയാൾ വിളക്ക് കെടുത്തി. വീട് പൂട്ടി പുറത്ത്വന്നു. ഓട്ടോയിൽ കയറാൻ തുടങ്ങിയപ്പോൾ ഒരു കുഞ്ഞു കരയുന്ന സ്വരം. അടുക്കളയിൽ നിന്നാണ്. അയാൾ വീണ്ടും അകത്ത്കയറി.
ആരുമില്ല.
രാജീവിന് പേടി തോന്നി. ഒരു ആഴ്ച ആയതേ ഉള്ളുഈ വീട് വാടകക്ക്എടുത്തിട്ട്. തീരെ വാടക കുറവാണ്.
പ്രേത ശല്യം ഉള്ള വീടായതു കൊണ്ടായിരിക്കുമോ ഉടമ വാടക കുറച്ചു തന്നത്?
ഈശ്വരാ…
ഓട്ടോ ഓടിക്കുമ്പോൾ അയാൾ ശ്യാമയെ കുറിച്ച് ആലോചിച്ചു. ശ്യാമവരും.
അവൾക്ക് എത്രനാൾ ആണ് പിണങ്ങിയിരിക്കാൻ കഴിയുക? ഇതിന്മുമ്പും അവൾ പിണങ്ങി വീട്ടിൽനിന്നിട്ടുണ്ട്.
ശ്യാമ വരും. തത്ക്കാലം അവൾ വീട്ടിൽനിൽക്കട്ടെ.
കത്തീഡ്രൽ പളളിയുടെ മുൻപിൽ എത്തിയപ്പോൾ ഒരു വൈദികൻ കൈ കാണിച്ചു. നാല് മണിക്കൂർ ദൂരം ഉള്ള ഒരു സ്ഥലത്തേക്കായിരുന്നു
ഓട്ടം. പോകുന്ന വഴി അവര്‍ തമ്മില്‍ പരിചയപ്പെട്ടു..
അച്ചൻ ഒരു ഭൂതോച്ചാടകനാണ്.
ഒഴിപ്പിക്കൽ. ആളുകളിൽനിന്ന് , ശരീരങ്ങളിൽനിന്ന്. മിക്കവാറും രാത്രികളിൽ അച്ചൻ ദൂരെയുള്ള സ്ഥലങ്ങളിൽ ഈ ജോലിക്ക് പോകാറുണ്ട്. ഒറ്റക്കാണ് പോകുന്നത് .
അത് കേട്ടപ്പോൾ രാജീവ് തന്റെ അനുഭവം പറഞ്ഞു.
“ഓ അതുങ്ങളെ നമ്മൾ ശല്യംചെയ്യാതിരുന്നാ മതി. തത്ക്കാലം താൻ അവിടെ കഴിയ്.”
അത് പറഞ്ഞതിന് ശേഷം അച്ചന്‍ ഉറക്കെ ചിരിച്ചു. ഇറങ്ങാന്‍ നേരം അച്ചന്‍ പറഞ്ഞു.
“ഞാന്‍ ഇവിടെ ഒന്ന് രണ്ടു മാസം ഉണ്ടാകും. തനിക്ക് സ്ഥിരം ഓട്ടം തരാം. നാളെ മുതല് ഇന്ന് വന്ന സമയത്ത് പോരെ..
അയാള്ക്ക് സന്തോഷമായി. ഓട്ടം കഴിഞു പതിവ് പോലെ നേരം പുലരാന്‍ തുടങ്ങിയപ്പോള്‍ രാജീവ് തിരികെ വന്നു.
കുളിച്ചതിനു ശേഷം കിടന്നു. അടുക്കളയില്‍ ശബ്ദം കേട്ട് അയാള്‍ഉണര്‍ന്നു. ശ്യാമ വന്നുവോ?
അടുക്കളയില്‍ ആരുമില്ല. അപ്പോള്‍ കുളി മുറിയില്‍ ആരോ കുളിക്കുന്നതിന്റെ ശബ്ദം. ചെന്ന് നോക്കിയപ്പോള്‍ കുളി മുറിയില്‍ പൈപ്പ് തുറന്നു കിടന്നു വെള്ളം ഒഴുകി പോകുന്നു.
അയാള്ക്ക് ദേഷ്യം വന്നു.
അയാള്‍ അവിടെ കിടന്ന കസേര ദൂരെ എറിഞ്ഞു.
ഇത് വല്ല്യ ശല്യമായി. ഭ്രാന്ത് പിടിക്കുന്നു. പ്രേതമാണോ ആരോ മനുഷ്യരാണോ..?
ശ്യാമ ഉണ്ടായിരുന്നുവെങ്കില്‍.. വേണ്ട ഒരുത്തിയും വേണ്ട. തന്നെ ജീവിക്കാമോ എന്ന് താന്‍ ഒന്ന് നോക്കട്ടെ.
അയാള്‍ ഒരു സി ഗരറ്റ് എടുത്തു പുകച്ചു. പിന്നെ പോയി കിടന്നു.
അന്ന് വൈകുന്നേരവും വിളക്ക് തനിയെ കത്തി. ഇടയ്ക്കിടെ ആരോ സംസാരിക്കുന്ന ഒച്ചയും, കുഞ്ഞു കരയുന്നതും അയാള്‍ കേട്ടൂ.
അയാള്‍ ഓട്ടോയുമായി പള്ളിയുടെ അരികിലേക്ക് പോയി. അച്ചന്‍ അയാളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
ഉണ്ടായ സംഭവങ്ങള്‍ രാജീവ് അച്ചനോട് പറഞ്ഞു.
“താന്‍ വിഷമിക്കണ്ട. ഞാന്‍ ഒരു ദിവസം അവിടെ വരെ വരാം.”
പിറ്റേന്നു രാവിലെ രാജീവ് ഉറങ്ങാന്‍ കിടന്നു. വാതിലില്‍ ആരോ മുട്ടുന്നത് കേട്ട് അയാള്‍ തുറന്നു. അത് ആ അച്ചന്‍ തന്നെ ആയിരുന്നു.
“അച്ചന്‍ ഇന്ന് വരുമെന്ന് പറഞ്ഞില്ലാലോ. എങ്ങനെ ഈ വഴി കണ്ടു പിടിച്ചു.”
“ഹഹ,ഇവിടെ ഉള്ളവര്‍ എന്നെ വിളിച്ചു.”
“ഇവിടെ ഉള്ളവരോ…?”
“അതെ.”
അച്ചന്‍ അയാളുടെ കൈ പിടിച്ചു ഹാളിലേക്ക് കൊണ്ട് പോയി. ഹാളില്‍ ഒരു ദമ്പതികളും അവരുടെ കുഞ്ഞും ഉണ്ടായിരുന്നു.
“ഇവരാരാ…” അയാള്‍ അമ്പരന്നു ചോദിച്ചു.
“ഇവര്‍ ഇവിടെ താമസിക്കാന്‍ വന്നവരാ രാജീവേ..വാടകക്ക് ..” അച്ചന്‍ പതിയെ അയാളോട് പറഞ്ഞു.
“അച്ചാ, ഒരു ഓട്ടോക്കാരന്‍ അയാളുടെ ഭാര്യയെ കുപ്പി കൊണ്ട് എറിഞ്ഞു കൊന്നതിനു ശേഷം ആ മുറിയില്‍ കയറി തൂങ്ങിച്ചത്തു. ഇപ്പൊ ഒരു കൊല്ലമായി.
ഞങ്ങള്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഈ വിവരം അറിഞ്ഞത്. ആ മുറി ഞങ്ങള്‍ തുറക്കാറില്ല. ഇടക്ക് സിഗരറ്റിന്റെ മണം വരും, സന്ധ്യക്ക് കൊളുത്തുന്ന വിളക്ക് തനിയെ അണയും .
സാധനങ്ങള്‍ എടുത്തെറിയുന്ന സ്വരം, ടാപ്പ് തന്നെ തുറക്കും, ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യുന്ന സ്വരം കേള്ക്കാം …
തുരുമ്പ് പിടിച്ചു കാടുകയറി മുറ്റത്തിന്റെ അരികില്‍ കിടക്കുന്ന ആ ഓട്ടോ എങ്ങനെ സ്റ്റാര്‍ട്ട് ചെയ്യും..പേടിയായിട്ടു വയ്യ…””
രാജീവ് അത് കേട്ട് ഞെട്ടിത്തരിച്ചു.
അയാള്‍ അവിടെ കണ്ട സാധനങ്ങള്‍ മുഴുവന്‍ വലിച്ചെറിഞ്ഞു.
“കള്ളം,പച്ചക്കള്ളം…ഞാന്‍ മരിച്ചിട്ടില്ല… എന്റെ ശ്യാമയും മരിച്ചിട്ടില്ല….” അയാള്‍ അട്ടഹസിച്ചു.
വായുവിലൂടെ തനിയെ പൊന്തി പറക്കുന്ന വസ്തുക്കള്‍ കണ്ടു ദമ്പതികള്‍ ഞെട്ടി. അവരുടെ കുഞ്ഞ് കരയാന്‍ തുടങ്ങി.
ശ്യാമ ..തന്റെ ശ്യാമയുടെ ഉള്ളില്‍ ഒരു കുഞ്ഞ് ഉണ്ടായിരുന്നു. രാജീവ് പൊട്ടിക്കരഞ്ഞു..
“വേണ്ട അച്ചോ..ഞങ്ങള്‍ ഇവിടെ ഇനി കഴിയുന്നില്ല…അച്ചന്‍ തന്നെ കണ്ടില്ലേ…” ദമ്പതികള്‍ ഭയന്ന് പോയിരുന്നു.
“അത് തന്നെയാണ് നല്ലത്.ഈ വീട് ഇപ്പോള്‍ താമസിക്കാന്‍ പറ്റിയതല്ല.” അച്ചന്‍ പറഞ്ഞു.
പുറത്തു ഒരു വണ്ടി വന്നു നിന്നു.ആ വീട്ടുകാര്‍ അവരുടെ സാധനങ്ങള്‍ പാക്ക് ചെയ്യുന്നത് രാജീവും അച്ചനും കണ്ടു നിന്നു.
“രാജീവ്,ഞാന്‍ ഇവിടുന്നു പോകുകയാണ്.. നിനക്ക് എന്റെ കൂടെ വരാം. നിത്യമായ ശാന്തതയിലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചു തരാം.”
“ഇല്ല അച്ചോ. എനിക്ക് വരാന്‍ കഴിയില്ല. ഇത് എന്റെ ശ്യാമ താമസിച്ച വീടാണ്. ശ്യാമ വരും. വരാതിരിക്കില്ല..ശ്യാമ വരുന്നത് വരെ ഞാന്‍ കാത്തിരിക്കും.”
അച്ചന്‍ ഒന്നും പറഞ്ഞില്ല. ആ വാടകക്കാര്‍ പോയി. അച്ചനും.
വീട് ഇപ്പോള്‍ പൂര്‍ണ്ണ നിശബ്തയിലാണ്. ആരും താമസിക്കാന്‍ വരാത്ത ആ വീടിനു മുന്നില്‍ ഒരു ഓട്ടോ തുരുമ്പിച്ചു കാട് കയറി കിടക്കുന്നുണ്ട്.
ശ്യാമ വരുന്നതും കാത്തു രാജീവ് ആ വീടിനുള്ളില്‍ എവിടെയോ ഉണ്ട്.