ആര്‍ത്തവം ആണുങ്ങളില്‍ നിന്നും ഒളിച്ചു വയ്ക്കണോ...? | Why should men aware for periods

ആര്‍ത്തവം ആണുങ്ങളില്‍ നിന്നും ഒളിച്ചു വയ്ക്കണോ...? | Why should men aware for periods



ആര്‍ത്തവം എന്നത് സ്ത്രീ ശരീരത്തിലെ ഒരു സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് പരുവപ്പെടുത്തുന്ന പ്രക്രിയ. ഹോര്‍മോണ്‍ പ്രക്രിയകളിലൂടെ സ്ത്രീ ശരീരത്തെ വളര്‍ച്ചയെത്തിക്കുന്ന ഒന്ന്. ഈ ഹോര്‍മോണ്‍ പ്രക്രിയകളിലൂടെ സ്ത്രീ ശരീരം കടന്നു പോകുമ്പോള്‍ ശാരീരികമായ, മാനസികമായ പ്രയാസങ്ങള്‍ ഏറെ ഇവര്‍ അനുഭവിയ്ക്കുന്നു. ശാരീരികമായ പ്രയാസങ്ങളില്‍ ശാരീരിക വേദനകള്‍ ഉള്‍പ്പെടുന്നു. മാനസികമായി ഇത് ദേഷ്യം, സങ്കടും, മൂഡ് സ്വിംഗ്‌സ്, ഡിപ്രഷന്‍ തുടങ്ങിയ പലതുമുണ്ടാകും.


സ്ത്രീയുടെ ഈ അവസ്ഥയില്‍



സ്ത്രീയുടെ ഈ അവസ്ഥയില്‍ അവര്‍ കടന്ന് പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പുരുഷന്മാരും ആണ്‍കുട്ടികളും അറിയേണ്ടതുണ്ടോയെന്നതാണ് ചോദ്യം. ഇത് അറിയണം എന്നതാണ് ഉത്തരം. കാരണം ഇത് കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ ഇത് കുടുംബ പ്രശ്‌നങ്ങള്‍ക്ക് തന്നെ വഴിയൊരുക്കും. പല സ്ത്രീകളും ഇത്തരം കാര്യങ്ങള്‍ പുരുഷന്മാര്‍ അറിയരുത്, അത് നാണക്കേട് എന്ന രീതിയിലാണ് പണ്ടും ഇപ്പോഴത്തെ കാലത്തും പറഞ്ഞു വയ്ക്കുന്നതും പെരുമാറുന്നതും. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ പെരുമാറ്റത്തിലൂടെ പുറത്തേയ്ക്കു വരും. ഇത് മനസിലാക്കാന്‍ പുരുഷന്മാര്‍ക്ക്, വീട്ടിലെ ആണ്‍കുട്ടികള്‍ക്ക് മനസിലാകാതെ വരുന്നത് ആവശ്യമില്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കും. എന്തു കൊണ്ടാണ് സ്ത്രീ, ഇത് അമ്മയാണെങ്കിലും ഭാര്യയാണെങ്കിലും പെങ്ങളോ മരുമകളോ ആണെങ്കിലും ഇത്തരം വ്യത്യസ്തമായ അവസ്ഥയില്‍ പെരുമാറുന്നത് എന്ന് മനസിലാക്കാന്‍ സാധിയ്ക്കാതെ വരും.


പുരുഷന്മാരെ


സ്ത്രീ കടന്നു പോകുന്ന ഇത്തരം അവസ്ഥയെക്കുറിച്ച് പുരുഷന്മാരെ പറഞ്ഞ് മനസിലാക്കുന്നത് നല്ലതാണ്. ഇത് ഇത്തരം അവസ്ഥയില്‍ അത് മനസിലാക്കി പെരുമാറുന്നതിനും കഴിയുമെങ്കില്‍ വീട്ടിലെ ഉത്തരവാദിത്വത്തിലും അടുക്കള ജോലികളിലും ഒരു കൈ സഹായം നല്‍കാനുമുള്ള ഒരു മനസ് പലര്‍ക്കുമുണ്ടാക്കും. മാത്രമല്ല, ആണ്‍കുട്ടികളുള്ള അമ്മമാര്‍ മനസിലാക്കാന്‍ പ്രായമുള്ള മകനെങ്കില്‍ ഇക്കാര്യം പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്നത് ഭാവിയില്‍ പങ്കാളിയുടെ ഇത്തരം അവസ്ഥ മനസിലാക്കാനും ഇതു വഴിയുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കി പെരുമാറാനും ഇവരെ സഹായിക്കും. ഭാര്യയുടെ മാത്രമല്ല, പെണ്‍കുട്ടികള്‍ അവര്‍ക്കുണ്ടായാല്‍, പെങ്ങന്മാരുണ്ടെങ്കില്‍.


​ഭര്‍ത്താവ്, പങ്കാളി


ഭര്‍ത്താവ്, പങ്കാളി ഇത്തരം ആര്‍ത്തവ സംബന്ധമായ പ്രശ്‌നത്തെ കുറിച്ച് അറിയേണ്ടത് ഏറെ അത്യാവശ്യമാണ്. കാരണം പല സ്ത്രീകള്‍ക്കും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം പിഎംഎസ് സാധ്യതകളുമുണ്ടാകും. അതായത് പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്നത്. മൂഡ് സ്വിംഗ്‌സ് മാത്രമല്ല, ലൈംഗിക താല്‍പര്യം കുറയുന്നതും പലര്‍ക്കും പതിവാണ്. എന്നാല്‍ പലപ്പോഴും ഇക്കാര്യം മനസിലാക്കാത്ത പുരുഷ പങ്കാളി ഭാര്യയ്ക്ക് തന്നോട് താല്‍പര്യമില്ല അല്ലെങ്കില്‍ സെക്‌സ് സംബന്ധമായ താല്‍പര്യമില്ല തുടങ്ങിയ തെറ്റിദ്ധാരണകളില്‍ ചെന്നു വീഴാന്‍ സാധ്യതയേറെയാണ്. ഇതുണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍ പലതും. ഇതൊഴിവാക്കാന്‍ ഇത്തരം മുന്‍കൂട്ടിയുള്ള തിരിച്ചറിവുകള്‍ അവരെ തെറ്റിദ്ധാരണകള്‍ മാറ്റി ഭാര്യയോട് അനുകമ്പയോടെ പെരുമാറാന്‍ പ്രാപ്തരാക്കും.



​ഇത്തരം അവസ്ഥകളില്‍


ഇത്തരം അവസ്ഥകളില്‍ തങ്ങള്‍ക്കുണ്ടാകുന്ന എല്ലാ ശാരീരിക, മാനസിക പ്രയാസങ്ങളും മറച്ച് വച്ച് എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് പതിവ് പോലെ മുന്നോട്ട് പോകുകയാണ് പല സ്ത്രീകളും ചെയ്യുന്നത്. അതിന്റെ ആവശ്യമില്ല. ഇത്തരം ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ വീട്ടിലുള്ള പുരുഷന്മാരും അറിയണം. ഇത്തരം സന്ദര്‍ഭങ്ങളിലെങ്കിലും സ്ത്രീകളെ സഹായിക്കുന്നതിനുള്ള മനസ് അവര്‍ക്കുണ്ടാകുകയും വേണം. ആര്‍ത്തവമെന്നത് നാണക്കേട് തോന്നേണ്ടതോ പുരുഷന്മാരില്‍ നിന്നും ഒളിച്ച് വയ്‌ക്കേണ്ടതോ അല്ലെന്ന ബോധ്യം സ്ത്രീകള്‍ക്ക് വരണം. സ്ത്രീകള്‍ക്ക് ഇത്തരം അവസ്ഥയിലുണ്ടാകാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പുരുഷന്മാര്‍ക്കും ബോധ്യമുണ്ടാകണം. കുടുംബാംഗങ്ങളുടെ കൂടി പിന്‍തുണയെങ്കില്‍ ഇത്തരം ആര്‍ത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകള്‍ പ്രയാസമില്ലാതെ മറി കടക്കാന്‍ സ്ത്രീയ്ക്ക് സാധിയ്ക്കും. മാനസികമായ പിന്‍തുണയും പ്രധാനം.